നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന നീതിന്യായ വ്യവസ്ഥയിൽ ഏറ്റവും ഹീനമായ കുറ്റകൃത്യം ചെയ്താൽ പോലും ഒരാൾക്ക് എളുപ്പത്തിൽ രക്ഷപ്പെടാനാവും. എന്നാൽ നിസ്സാര തെറ്റിന്റെ പേരിൽ ഒരു രീതിയിലും രക്ഷപ്പെടാനാവാതെ വർഷങ്ങളോളം ജയിലറയിൽ കഴിയേണ്ടിയും വന്നേക്കാം. കേസിൽ ഉൾപ്പെട്ട ഒരാളുടെ സ്വാധീനവും കീശയുടെ വലിപ്പവുമാണ് പലപ്പോഴും അക്കാര്യം നിർണ്ണയിക്കുക. പരമോന്നതകോടതി വധശിക്ഷ നൽകിയാൽ പരമാവധി രണ്ട് വർഷങ്ങൾക്കുള്ളിൽ ആ വിധി നടപ്പിലാക്കണമെന്നാണ് നിയമം. സത്യത്തിൽ വധരിക്ഷ കാത്തുകഴിയുന്നവർ അത് നടപ്പിലാക്കപ്പെടുന്ന അന്തിമദിനം വരെ എന്നും മരിച്ചുണരുന്നവരാണ്. തണുത്തിരുണ്ട നിശബ്ദത നിറഞ്ഞ ജയിൽ ഇടനാഴിയിൽ സദാസമയവും മുഴങ്ങിക്കേൾക്കുന്ന കാവൽ ഭടന്മാരുടെ ബുട്ടുകളുടെ ശബ്ദം അവരുടെ രാവുകളേ നിദ്രാവിഹീനമാക്കുന്നു. മുട്ടുകളുടെ ശബ്ദം അവർക്ക് മരണമണിയൊച്ചയാണ്. നീണ്ട പതിനാല് വർഷങ്ങൾ കാരാഗൃഹവാസം അനുഭവിക്കാൻ വിധിക്കപ്പെട്ട ജയിൽപുള്ളിയായിരുന്നു അർജുൻ ചാറ്റർജി. പതിനാലുകാരിയായ ഒരു സ്കൂൾ വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തി എന്നതായിരുന്നു അയാളിൽ ചാർത്തപ്പെട്ട കുറ്റം. പെൺകുട്ടി താമസിച്ചിരുന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ സുരക്ഷാജീവനക്കാരനായിരുന്നു അർജുൻ ചാറ്റർജി. ഇരുപതാം നൂറ്റാണ്ടിൽ തീവ്രവാദത്തിന്റെ പേരിലല്ലാതെ ഇന്ത്യയിൽ തൂക്കിലേറ്റപ്പെടുന്ന ഏക കുറ്റവാളിയായിരുന്നു അയാൾ. താൻ നിര പരാധിയാണെന്ന് തൂക്കിലേറ്റിയ നിമിഷംവരെ അർജുൻ ആവർത്തിച്ചു കൊണ്ടിരുന്നു. നീതിപീഠത്തിന്റെ തീരുമാനം അനിശ്ചിതത്വം നിറഞ്ഞ തെളിവുകളുടെ പിൻബലത്തിൽ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ രാജ്യവ്യാപകമായി പൊതുചർച്ചയ്ക്ക് വഴിയൊരുക്കി. ഇത് അർജുൻ ചാറ്റർജിയുടെ കഥയാണ്. ഈ നോവലിലെ ഇരുവശങ്ങളായ കുറ്റവും ശിക്ഷയും ഒരുപോലെ മനുഷ്യത്വരഹിതമാണ്. ഒരേ സമയം അവ അമാനുഷികവുമാണ്. സമകാലിക ബംഗാളി സാഹിത്യത്തിലെ ശ്രദ്ധേയ എഴുത്തുകാരനായ മനോരഞ്ജൻ ബ്യാപാരി ഏറെ പ്രസക്തമായ ഒരു ഭൂമികയിൽ നിന്നുകൊണ്ടാണ് അമാനുഷിക് രചിച്ചി രിക്കുന്നത്. അതുകൊണ്ടുതന്നെ നമ്മുടെ പൊതുസമൂഹത്തോട് ഈ നോവൽ ഏറെ സംസാരിക്കുന്നുമുണ്ട്. ബംഗാളിയിൽ നിന്നും നേരിട്ടുള്ള വിവർത്തനം.