ഇന്ദുലേഖ - ഒ ചന്തുമേനോൻ

ഇന്ദുലേഖ - ഒ ചന്തുമേനോൻ

1889 ൽ കോഴിക്കോട് സ്പെക്ടേറ്റർ പ്രസ്സിൽ അച്ചടിച്ച മലയാളത്തിലെ ആദ്യ പരിപൂർണ്ണ നോവലായ ഒ ചന്തുമേനോൻ്റെ ഇന്ദുലേഖ എന്ന കൃതിയുടെ ആദ്യ പതിപ്പിൻ്റെ അതേ രൂപത്തിലും ലിപിവിന്യാസത്തിലും 130 വർഷങ്ങൾക്കിപ്പുറം മനോരമ ബുക്സ് പുന:പ്രസിദ്ധീകരിച്ചിരിയ്ക്കുന്നു. വായനാമുറികളിൽ ഇന്നു കാണുന്ന ഇന്ദുലേഖയുടെ ശരിയായതും എന്നാൽ, 1890 ൽ പുറത്തിറങ്ങിയ രണ്ടാം പതിപ്പു മുതൽ കാണാതായതായ അവസാന താളുകൾ അടങ്ങിയതുമായ ഈ പ്രതി സാഹിത്യഗവേഷകനായ ഈ കെ പ്രേംകുമാറിൻ്റെ ഉത്സാഹത്തിലാണ് പുനർമുദ്രണം ചെയ്തിരിയ്ക്കുന്നത്. ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയിൽ സൂക്ഷിയ്ക്കപ്പെട്ട ഒന്നാം പ്രതി ശേഖരിച്ച് അതിൻ്റെ കെട്ടിനും മട്ടിനും ഭംഗം വരുത്താതെ പ്രസിദ്ധീകരിച്ചിരിയ്ക്കുന്ന ഈ പതിപ്പാകട്ടെ അത്യാകർഷകവുമായിട്ടുണ്ട്. ഇന്ദുലേഖ പിന്നിട്ട 130 വർഷങ്ങൾ എന്ന തലക്കെട്ടോടുകൂടിയ നൂതനപ്രതിയുടെ പ്രസ്താവനയി ഈ കെ പ്രേംകുമാർ ഈ പതിപ്പിൻ്റെ പ്രസിദ്ധീകരണത്തിന് പ്രേരിപ്പിച്ചതായ സംഗതികളെ അനാവരണം ചെയ്യുകയും, അതിൻ്റെ ആവശ്യകതയെന്തെന്നു എടുത്തു പറയുകയും ചെയ്തിരിയ്ക്കുന്നു. മലയാള നോവലിൻ്റെ അവസാന ഭാഗം, കഥാതന്തുവിൻ്റെ പര്യവസാനാനന്തരം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ലോകരെ പ്രേരിപ്പിയ്ക്കുന്ന ഗ്രന്ഥകാരൻ്റെ തുറന്ന പ്രസ്താവനയോടുകൂടിയാണ് അവസാനിയ്ക്കുന്നത്. ചില ഗൂഢലക്ഷ്യങ്ങൾ നിമിത്തമായിട്ടോ വൈരുദ്ധ്യാത്മകം എന്ന തോന്നൽ കൊണ്ടോ നീക്കപ്പെട്ട ഈ ഭാഗം പുന:ശേഖരിച്ച് അതിനെ പഴയ ചേതനയോടെ പ്രസിദ്ധീകരിയ്ക്കാൻ പുറപ്പെട്ട ഈ പ്രവൃത്തി ശ്ലാഘനീയമാണെന്നു പറയാതെ വയ്യ. മലയാളികളുടെ വായനക്കും വായനാമുറികൾക്കും അലങ്കാരമായിത്തീരേണ്ടുന്ന ഈ പുതുപതിപ്പിൻ്റെ കോപ്പികൾ ലഭ്യമായിത്തുടങ്ങിയിരിയ്ക്കുന്നു. വായനക്കാർക്ക് നല്ലൊരു വായനഅനുഭൂതി ആശംസിയ്ക്കുന്നു. https://www.booksdeal.in/product/indulekha-chandu-17829