KERALA LEGISLATURE INTERNATIONAL BOOK FESTIVAL

KERALA LEGISLATURE INTERNATIONAL BOOK FESTIVAL

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിൻ്റെ ഭാഗമായി നിയമസഭാ സമുച്ചയത്തിൽ നവംബർ 1 മുതൽ 7 വരെ സംഘടിപ്പിക്കുന്ന  പുസ്തകമേളയിൽ നൂറിലധികം പ്രസാധകരും പ്രശസ്ത എഴുത്തുകാരും പങ്കെടുക്കും. പുസ്തകോത്സവത്തിൻ്റെ സ്റ്റാളുകൾ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ഇരുന്നൂറിലധികം ബുക്ക് സ്റ്റാളുകളാണ് വേദിയിൽ ഒരുക്കിയിരിക്കുന്നത്. പുസ്തക പ്രകാശനം, ക്രിയാത്മക ചർച്ചകൾ, പുസ്തക ഒപ്പിടൽ പരിപാടികൾ, പാനൽ ചർച്ചകൾ, മീറ്റ് ദ ഓതർ  എന്നിവ പുസ്തകോത്സവത്തിൻ്റെ ഭാഗമാകും. രാവിലെ 9 മുതൽ രാത്രി 9 വരെ പൊതുജനങ്ങൾക്ക് നിയമസഭാ പരിസരത്ത് പ്രവേശനം ഉണ്ടായിരിക്കും.

എല്ലാ പ്രായത്തിലുമുള്ള പുസ്തകപ്രേമികൾക്കും സ്റ്റാളുകൾ കാണാനും ആവശ്യമായ പുസ്തകങ്ങൾ വാങ്ങാനും അവസരമുണ്ടായിരിക്കുന്നതാണ്. ഫിക്ഷൻ, നോൺ ഫിക്ഷൻ, കുട്ടികളുടെ പുസ്തകങ്ങൾ, പരീക്ഷാ തയ്യാറെടുപ്പ് ഗൈഡുകൾ തുടങ്ങി വിവിധ പ്രസാധകരുടെ പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്ന സ്റ്റാളുകൾ ഫെസ്റ്റിൻ്റെ സവിശേഷതയാണ്. പുതിയ രചയിതാക്കളെയും വിഭാഗങ്ങളെയും കുറിച്ച് അറിയാനും നിങ്ങളുടെ ശേഖരത്തിലേക്ക് പുതിയ പുസ്തകങ്ങൾ കണ്ടെത്താനുമുള്ള മികച്ച മാർഗം കൂടിയാണിത്.

തൃശൂർ പൂരത്തിന് സമാനമായ ശൈലിയിൽ ആന, നെറ്റിപ്പട്ടം, കുടമാറ്റം, വെഞ്ചാമരം തുടങ്ങി തൃശൂര്‍ പൂരത്തിൻ്റെ എല്ലാ ചാരുതയും ഒത്തിണക്കിയ ദീപാലങ്കാരമാണ് നിയമസഭയിൽ ഒരുക്കിയിട്ടുള്ളത്. നിയമസഭയുടെ അങ്കണത്തിലെ വൃക്ഷലതാതികളെല്ലാം  ഒരാഴ്ചക്കാലം വർണപ്രഭയിൽ നിറയും.