മയ്യഴിപ്പുഴയുടെ തീരങ്ങളിൽ - എം മുകുന്ദൻ

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ - എം മുകുന്ദൻ

അഭിലാഷങ്ങളുടെയും വ്യഥകളുടെയും നനവും നോവും പേറി മയ്യഴിപ്പുഴ കടലിനെ പൂണ്ടുകൊണ്ടേയിരിയ്ക്കുന്നു. മയ്യഴിപ്പുഴയൊഴുകുന്നിടത്തോളം എം മുകുന്ദനെന്ന മയ്യഴിയുടെ കഥാകാരൻ്റെ മനോഹരവൈഖരികളും ആസ്വാദകഹൃദയങ്ങളെ പുൽകിക്കൊണ്ടിരിയ്ക്കും. ഇരുപതുകളുടെ നിറവിൽ മുകുന്ദനെന്ന ചെറുപ്പക്കാരൻ്റെ തൂലിക ചലിച്ചപ്പോൾ മയ്യഴിയുടെ മനസ്സും അതിലെ മഷിയിലലിഞ്ഞിരുന്നു. ഫ്രഞ്ച് കോളനിഭരണത്തിൻ കീഴിൽ നിലനിൽക്കുമ്പോളും പരസ്പരം കൈമാറിയ സംസ്കാരങ്ങളുടെ മേമ്പൊടിയിൽ , ശാന്തമായിരുന്നു മയ്യഴിയുടെ വീഥികൾ.ഫ്രഞ്ച് നാമധേയങ്ങളോടു കൂടിയ മൂന്നു പ്രധാന വീഥികളും മൂന്നു സ്കൂളുകളും ഉൾക്കൊള്ളുന്ന പഴമയുടെ സുഖമൊന്നു വേറെയാണ്. കുറമ്പിയമ്മയുടെ മുത്തശ്ശിക്കഥകളായി പറഞ്ഞുതുടങ്ങുന്ന മയ്യഴിയുടെ പഴങ്കഥകൾ, ക്രമേണ ലെസ്ലീ സായ്വിൻ്റേയും, മെസ്സിയുടേയും, ഗസ്തോൻ സായ്വിൻ്റേയും , കുഞ്ചക്കൻ്റേയും, കോലധാരികളായ മലയക്കുടുംബത്തിൻ്റേയും, കുഞ്ഞനന്തന്മാഷുടേയും, കുഞ്ഞിച്ചിരുതയുടേയും കഥകളായി പരിണമിയ്ക്കുന്നു. പ്രധാന കഥാപാത്രമായ രാമു റൈട്ടറുടെ മകൻ ദാസനാണ് കഥാതന്തുവെ പിന്നീട് മുൻ നടത്തുന്നത്. ചെറുപ്പത്തിലേ ഗൗരവക്കാരനായി പഠിച്ചു വളർന്ന ദാസൻ, ഫ്രഞ്ച് ഗവണ്മേൻ്റിൻ്റെ ചെലവിൽ ഉപരിപഠനം നടത്തിയവനാണ്. എന്നിട്ടു കൂടി കമ്മ്യൂണീസത്തിൽ ആകൃഷ്ടനാവുകയും, മയ്യഴിയുടെ സ്വാതന്ത്ര്യസമരത്തിന് കൂട്ടാവുകയും ചെയ്തു എന്നതിനാൽ, ദാസന് ഉയർന്ന ഉദ്യോഗവും ശമ്പളവും ലഭിയ്ക്കുമെന്ന് പ്രതീക്ഷിച്ച രാമു റൈട്ടർക്കും കൗസുവമ്മയ്ക്കും കുറമ്പിയമ്മയ്ക്കും അവ കേവലം സ്വപ്നങ്ങളായി അവശേഷിച്ചു. ചന്ദ്രിക എന്ന ചെറുപ്പക്കാരിയോട് ദാസനുണ്ടായിരുന്ന പ്രണയവും സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രയത്നത്തിനിടയിൽ പൂവിടാതെ കൊഴിഞ്ഞു. ബന്ധുക്കൾ നിശ്ചയിച്ചതു പ്രകാരം വിവാഹത്തിനു താത്പര്യമില്ലാഞ്ഞ ചന്ദ്രിക വിധിയോടൊപ്പം അങ്ങകലെ വെള്ളിയാങ്കല്ലിലേയ്ക്കു ചേക്കേറി. ജയിൽ വാസവും അല്ലലും കഴിഞ്ഞു തിരികെയെത്തിയ ദാസന് തൻ്റെ ശരീരമല്ലാത്ത എന്തെങ്കിലും തനിക്കായി അവശേഷിയ്ക്കുന്നതായി തോന്നിയില്ല. അയാളും അങ്ങു ദൂരെ കണ്ണീർത്തുള്ളിപോലുള്ള വെള്ളിയാങ്കല്ലിൽ ഒരു തുമ്പിയായി പാറിപ്പറക്കാൻ മയ്യഴിയോടു വിടപറഞ്ഞു. മുകുന്ദൻ്റെ കഥാപാത്രങ്ങൾ രോഗങ്ങളും ദാരിദ്ര്യവും നയിച്ച ജീവിതത്തിൻ്റെ നരപ്പും നരകവും തുറന്നു കാട്ടിയിട്ടുണ്ട്. മാതാവിനേയും മീത്തലെ ദൈവങ്ങളേയും അഭിന്നമായി ആരാധിച്ചു പോന്നിരുന്നു അവർ. കുറമ്പിയമ്മേ , ഇത്തിരി പൊടി തരുവൊ? പരന്തീസിൻ്റെ കൂട്ടുകാരിയായ കുറമ്പിയമ്മ , ആനക്കൊമ്പിൽ തീർത്ത പൊടിഡപ്പി ലസ്ലീ സായ്വിനു നീട്ടി : അയ്നെന്താ മോസ്സ്യേ , അത് ചോയ്ക്കാനുണ്ടോ ? ഉശിരൻ കുതിരകളുടെ കുളമ്പടി മാഞ്ഞു. ഗസ്തോൻ സയ്വിൻ്റെ മുറിയിൽ മഞ്ഞ വെളിച്ചം ഏകാന്തവാസത്തിനു കൂട്ടു നിന്നു. ഗിറ്റാറിൽ ഷണ്ഡൻ്റെ ശോകസംഗീതം കടൽപ്പരപ്പിലെ ശാന്തതയിലൂടെ അങ്ങു വെള്ളിയാങ്കല്ലിൽ ചെന്നുറങ്ങി. മയ്യഴി ഒഴുകുകയാണിപ്പോഴും എല്ലാറ്റിനും സാക്ഷിയായി. കാലങ്ങൾക്കിപ്പുറവും നെഞ്ചിൽ തൊടുന്ന മുകുന്ദൻ്റെ അനന്യമായ രചന: മയ്യഴിപ്പുഴയുടെ തീരങ്ങളിൽ.