നേരാഴം - പ്രമീളാദേവി

നേരാഴം - പ്രമീളാദേവി

കൈവിട്ടു പോയ പട്ടം പോലെയാണ് ഭാവനാത്മകമായ മനസ്സ്. അതിനാൽ തന്നെ, അനുസ്യൂതം ചിന്തകളിൽ അഭിരമിയ്ക്കുന്നവരാണ് ആരും. ആ ചിന്തകളിലെ ആനന്ദവും, അല്ലലും, അറപ്പും, ആധികളും സുഷ്ഠുവായി നിരീക്ഷിച്ച് അവയെ വേർപ്പെടുത്തി, അക്ഷരക്കൂട്ടങ്ങളിൽ അയച്ചുകെട്ടി നിയന്ത്രിച്ച് ആസ്വാദകൻ്റെ കൈയ്യിലേല്പിയ്ക്കുന്നതാണ് കവിമനസ്സുകളെ അന്യരിൽ നിന്ന് വ്യത്യസ്തരാക്കുന്നത്. അച്ചുകൂടങ്ങളെ പോലെ അക്ഷരങ്ങൾ നിരത്തുകയല്ല - അവയെ അനുവചിച്ച് അർത്ഥച്ചരടുകളിൽ കോർത്ത് മാലികയാക്കുകയാണ് യഥാർത്ഥകവി ചെയ്യുന്നത്. ഡോ. പ്രമീളാദേവിയുടെ ഓരോ കവിതകളും അങ്ങനെയുള്ളവയാണ്.
സാമാന്യജീവിതത്തിലെ തീർത്തും സാധാരണങ്ങളായ വിഷയങ്ങളിലൂടെ തെന്നി നടക്കുന്ന ആശയങ്ങളെയാണ് കവയിത്രി ഇവിടെ സ്വകീയമായ ആഖ്യാന ശൈലിയിലൂടെ കവിതകളായി ആവിഷ്കരിച്ചിരിയ്ക്കുന്നത്. നോക്കെത്താദൂരത്തേയ്ക്ക് കണ്ണയച്ചിരിയ്ക്കുന്ന ബുദ്ധിജീവികളുടെ ചുരുട്ടു പുകയുടെ ദുർഗ്ഗന്ധമോ രാഷ്ട്രീയരോഷങ്ങളുടെ ചുവയോ ഏശാതെ, സാമാന്യ ജീവിതത്തിൻ്റെ , നേരിൻ്റെ, ആഴമളക്കുകയാണ് കവയിത്രി.

പ്രകൃതിയുടേയും അതൂട്ടി വളർത്തിയ സംസ്കാരത്തിൻ്റേയും വ്യഥകൾ, കുടുംബബന്ധങ്ങളിലെ ചങ്ങലക്കെട്ടുകൾ വരുത്തിയ മുറിപ്പാടുകൾ. അമ്പരപ്പിയ്ക്കുന്ന വിധത്തിൽ - അഥവാ ശരിയെന്ന് തലകുലുക്കിക്കുന്ന മട്ടിൽ പ്രമീളാദേവി പറയുകയാണ്.
മൺ തരികളിൽ ഭൂമിയും, ജലബിന്ദുവിൽ സാഗരവും, പൂവിതളിൽ വസന്തവും, ശുദ്ധവായുവിൽ പ്രാണനും, ചെറുതിൽ വലുതായും , വലുതിൽ ചെറുതായുമിരിയ്ക്കും പോലെ, ജീവിതം നേരാഴത്തിലലിയാവൂ എന്ന കവയിത്രിയുടെ തന്നെ വാക്കെടുത്താൽ, നേരിൽ ജീവിതവും ജീവിതത്തിൽ നേരുമാണ് ഇരിയ്ക്കുന്നത് അഥവാ ഇരിയ്ക്കേണ്ടത് എന്നായി. ഒരു സാഹിത്യകാരി ഇതിലും ലളീതമായിട്ടെങ്ങനെയാണ് ലോകത്തിനു സന്ദേശമേകേണ്ടത്? ആരിലുമെന്തിലും നേരിൻ്റെ നിജത്വം എത്ര സൂക്ഷ്മമായും വിപുലമായുമിരിയ്ക്കുന്നുവെന്ന് ഓരോ ഉദാഹരണങ്ങളിലൂടേയും വെളിപ്പെടുത്തി സുന്ദരമായി പറഞ്ഞു വെയ്ക്കുന്നു. താളവും ശ്രുതിയും ഒത്തുചേരുന്ന പ്രമീളാദേവിയുടെ കവിതകൾ ആധുനികതയുടെയും പഴമയുടേയും കാവ്യസൗന്ദര്യകല്പനകളെ ഒരുപോലെ ആവഹിയ്ക്കുന്നു. ഹൃദ്യങ്ങളും ചിന്തോദ്ദീപകങ്ങളുമായ, പ്രമീളാദേവിയുടേ കവിതാസുമങ്ങളുടെ ഒരു മാലികയാണ് നേരാഴം. തീർച്ചയായും സഹൃദയർ ഇതു സ്വീകരിയ്ക്കും. ഓർഡർ ചെയ്യൂ : BUY NOW