വൈദേഹിയുടെ ചെറുകഥകൾ

വൈദേഹിയുടെ ചെറുകഥകൾ

കന്നഡ സാഹിത്യകാരി വൈദേഹി വ്യത്യസ്തവും ലളിതവുമായ തന്റെ രചനാശൈലിയിലൂടെ ആസ്വാദകരെ ആകർഷിച്ചു തുടങ്ങിയിട്ട് നാളേറെയായി. അവരുടെ യാഥാർത്ഥ്യത്തോട് ഏറ്റവും ചേർന്നു കിടക്കുന്ന കഥകൾ ഇംഗ്ലീഷ് തുടങ്ങിയ മറ്റു ഭാഷകളിലേയ്ക്ക് ധാരാളമായി തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളഭാഷയിലേയ്ക്ക് വൈദേഹിയുടെ കഥകൾ അധികവും തർജ്ജമ ചെയ്യപ്പെട്ടിട്ടില്ല. അതിനാൽ തന്നെ വൈദേഹിയുടെ കാഴ്ചപ്പാടുകൾ മലയാളികൾക്ക് അപരിചിതവുമാണെന്നു വേണം അനുമാനിയ്ക്കാൻ. യാഥാസ്ഥിതികകുടുംബങ്ങളിൽ ജനിച്ചു വളരുന്ന പെൺകുട്ടികളുടെ കഥകൾ വൈദേഹിയ്ക്ക് കേട്ടുകേൾവിയല്ല സ്വന്തം അനുഭവം തന്നെയാണ്. ആ നിലയ്ക്ക് വൈദേഹി തന്റെ രചനകളിലൂടെ പുറത്തു കാട്ടുന്നതും സ്ത്രീകളുടെ അന്തരംഗത്തെയാണ്. അവളുടെ ആലോചനകളും അവളുടെ ബലഹീനതകളും ചാപല്ല്യങ്ങളുമെല്ലാം വൈദേഹി തുറന്നു കാട്ടുന്നു. ഇതൊന്നുമറിയാത്തതാണ് ഈ സമൂഹമെന്ന് പറഞ്ഞാൽ , അത് പച്ചക്കള്ളമാകും. അറിഞ്ഞിട്ടും അറിയില്ലെന്നു നടിച്ച് നടക്കുകയാണ് ലോകം. അവൾക്കും വിചാരങ്ങളും വികാരങ്ങളുമുണ്ട്. അതു തുറന്നു പറയുന്നത് കുലസ്ത്രീ എന്ന ചൊൽക്കൊണ്ട പദവിയിൽ നിന്ന് തട്ടിത്താഴെയിട്ടേയ്ക്കാം. എന്നാൽ സ്ത്രീ എന്ന വ്യക്തിത്വത്തിൽ നിന്ന് അവളെ വീഴ്ത്താൻ ആർക്കുമാകില്ല. സ്വയം വേദന സഹിയ്ക്കുമ്പോളും, മാതൃവാത്സല്യവും ഭർത്താവിനോടുള്ള ഉത്തരവാദിത്തങ്ങളും പ്രകടിപ്പിയ്ക്കുന്ന പെണ്ണെന്ന മഹാദ്ഭുതത്തിന്റെ കഥകളാണ് 'വൈദേഹിയുടെ ചെറുകഥകൾ' എന്ന ഈ പുസ്തകത്തിലൂടെ മലയാളനാട്ടിൽ വെളിച്ചം കാണുന്നത്. ഇല്ലായ്മകൾ മറയ്ക്കാൻ പകലന്തിയോളം പണിയെടുക്കുന്ന ബാബുലി - അവളുടെ അമ്മ, സംരക്ഷണത്തിന്റെ മതിൽക്കകത്ത് ഇരുളു പുതയ്ക്കേണ്ടി വന്ന സൗഗന്ധി, പൗരുഷത്തിന്റെ ചിത്രത്താഴിട്ടു പൂട്ടപ്പെട്ടുവെങ്കിലും സ്വാതന്ത്ര്യത്തിനു വേണ്ടി കുലസ്ത്രീപ്പട്ടം വലിച്ചെറിഞ്ഞ അമ്മാച്ചി, കാലം വരച്ച ലക്ഷ്മണരേഖകൾക്കു പിന്നിൽ നിർത്തപ്പെട്ട കുറേ പേർ, ബന്ധങ്ങൾ തകർത്ത് മദ്യമോ തന്റേതായ ഒരു മന്മഥനോ തരുന്ന സുഖത്തിൽ സ്വാസ്ഥ്യം കണ്ടെത്തിയ ആഭ, ഒരു പെട്ടിയുടെ പേരിൽ അസ്വസ്ഥയാകുന്ന ഒരു ദൊഡ്ഡാമ്മ (വല്ല്യമ്മ) , ദരിദ്രയെങ്കിലും ആത്മാർത്ഥതയുടെ പര്യായമായ കുഞ്ഞിപ്പെണ്ണ് അഹല്ല്യ - അവളുടെ വിധി , തന്റെ മകൻ കള്ളനാവുന്നത് നല്ലതല്ലെന്നറിയുമ്പൊഴും അതിനെ അനുമോദിയ്ക്കുന്നതാണ് പ്രാണൻ നിലനിർത്താൻ നല്ലതെന്ന തിരിച്ചറിവിനാൽ മൗനിയാകുന്ന ബച്ചമ്മ.. ഇങ്ങനെ ഓരോ കഥാപാത്രങ്ങളും , സ്ത്രീയുടെ ഹൃദയത്തിന്റെ ആഴമളക്കുന്നവയാണ്. കർണ്ണാടകത്തിന്റെ അപരിഷ്കൃതമായ ഗ്രാമജീവിതങ്ങളെ പറ്റി കേൾക്കുമ്പോൾ കേരളീയർക്ക് അവ എത്രകണ്ടും വഴങ്ങുമെന്നറിയില്ലെങ്കിലും , ആ ജീവിതങ്ങളിൽ നിന്നുള്ള പാഠങ്ങൾ തീർച്ചയായും ആസ്വാദകരുടെ ശ്രദ്ധയാകർഷിയ്ക്കുമെന്നതിൽ തർക്കമില്ല.