വിഷുപ്പക്ഷി - ആർ കെ വള്ളിച്ചിറ

വിഷുപ്പക്ഷി - ആർ കെ വള്ളിച്ചിറ

ആശയങ്ങളെ ആരാധിയ്ക്കുന്നവർ , ഭാഷയെ ആരാധിയ്ക്കുന്നവർ, ശൈലികളെ ആരാധിയ്ക്കുന്നവർ എന്നിങ്ങനെ കവിതാസ്വാദനത്തിൻ്റെ പല മാനങ്ങൾ ലോകരിൽ ഉണ്ടല്ലോ.

എഴുത്തുകാരിലും ആ വ്യത്യസ്തത ഏറെക്കുറെ പ്രകടമാണ്. നവകവികൾ ആശയങ്ങളെ സ്വേച്ഛോപാത്തങ്ങളായ പദങ്ങളിലൂടേ പ്രകടീഭവിപ്പിയ്ക്കുമ്പോൾ; ഭാഷാപ്രയോഗങ്ങളിലെ നിയമങ്ങൾക്കുള്ളിൽ നിന്നു കൊണ്ടുള്ള സഞ്ചാരമിഷ്ടപ്പെട്ടിരുന്നവരാണ് മറ്റു ചിലർ. ഇങ്ങനെയൊരു തരംതിരിവിനു ഭാവിയ്ക്കുമ്പോൾ , ഭാഷയോടുള്ള പ്രണയം കൊണ്ട് അതിൻ്റെ പരിധികളെ ഇഷ്ടപ്പെടുകയും , ആശയത്തിനുചിതവും ഭാഷാപരിധികളെ ലംഘിയ്ക്കാത്തതുമായ പദങ്ങളെ സമന്വയിപ്പിച്ച് ആഖ്യാനങ്ങൾ ചമയ്ക്കുകയും ചെയ്യുന്നവർ , കൃശമായ നിരയായി ചുരുങ്ങിയിട്ടുണ്ട് എന്നത് വാസ്തവമാണ്. മാതൃഭാഷയായ മലയാളത്തെ അത്യന്തം സ്നേഹിയ്ക്കുകയും, അതിൻ്റെ എല്ലാ നിലയ്ക്കുമുള്ള ഗരിമ നിലനിൽക്കണമെന്നു തീവ്രമായി വിചാരിയ്ക്കുകയും ചെയ്യുന്ന കവിയാണ് ശ്രീ ആർ കെ വള്ളിച്ചിറ. അദ്ദേഹത്തിൻ്റെ വൃത്തബദ്ധവും ആശയപുഷ്കലവുമായ കവിതാകർണ്ണികാരങ്ങളുടെ പൂപ്പാലികയാണ് വിഷുപ്പക്ഷി എന്ന പുസ്തകം. ആദ്യന്തം ഭാഷ , സംസ്കാരങ്ങൾ , സമൂഹത്തിലെ പരിഷ്കാരങ്ങൾ , അവയുണ്ടാക്കിയ കുറവുകൾ - നിറവുകൾ അങ്ങനെ അങ്ങനെ കാഴ്ചകൾ കണ്ട്, താളമിട്ട് , രസാനുഭവങ്ങളെ വൈഖരികളാക്കി ഹൃദയത്തിലേറ്റി നടക്കുകയാണ് കവി. നാടിൻ്റെ കാടത്തവും , നാടിൻ്റെ സന്തോഷങ്ങളും സങ്കടങ്ങളൂമൊക്കെ കവി എണ്ണിപ്പറയുന്നു. ആസ്വാദകനിൽ ഒരു വിഷുക്കാലം വരുത്താനും വിഷുപ്പക്ഷിയുടെ മാസ്മരികഗാനം കൊണ്ട് സന്തോഷിപ്പിയ്ക്കാനും വള്ളിച്ചിറയുടെ കവിതകൾക്കാകും. ഓർഡർ ചെയ്യൂ : BUY NOW