വി കെ എൻനിൻ്റെ തെരഞ്ഞെടുത്ത കൃതികൾ

വി കെ എൻനിൻ്റെ തെരഞ്ഞെടുത്ത കൃതികൾ

അസാധാരണമായ ശൈലിയിലൂടെ മലയാളികളെ ആകമാനം കുടുകുടെ ചിരിപ്പിച്ച നർമ്മേതിഹാസത്തിന്റെ നായകനായിരുന്നു വി കെ എൻ . നാട്ടുജീവിതത്തിന്റെ ഈറനും പച്ചപ്പും ഒരു കുട്ടിയുടെ കൗതുകത്തോടെ നോക്കി, അതിലെ ആശയങ്ങളുടെ കൗമാരത്തിലൂടെ സഞ്ചരിച്ച് , പക്വമായ ധാരണകളാക്കി നർമ്മത്തിൽ ആകമാനം കുളിപ്പിച്ച് ആസ്വാദകർക്കു നീട്ടുന്ന വീ കെ എന്നിന്റെ രചനാവൈഭവം അനന്യവും അതിശയകരവുമായിരുന്നു. നോവൽ , നോവലൈറ്റ് , കഥകൾ എന്നിങ്ങനെ ശീർഷകങ്ങൾ കൊടുക്കാവുന്നവയും , ഒരു കൂട്ടത്തിലും പെടുത്താൻ പറ്റാത്തവയുമായ നിരവധി കൃതികൾ ഈ തിരുവില്വാമലക്കാരന്റേതായുണ്ട്. തൃശ്ശൂർ ജില്ലയിലാണ് ഇന്നത്തെ തിരുവില്വാമല എങ്കിലും, പാലക്കാടിന്റെ നെന്മണികളോടും , വള്ളുവനാടിന്റെ കലാ-സാംസ്കാരികപ്പത്തായപ്പുരകളോടുമായിരുന്നു വടക്കേ കൂട്ടാല നാരായണൻകുട്ടി നായർ എന്ന വീ കെ എന്നിന് അടുപ്പം. ദേവസ്വം ബോർഡിലെ ജീവിതം അവസാനിച്ചപ്പോൾ ഡൽഹിയിലേയ്ക്കു ചേക്കേറപ്പെട്ട വീ കെ എന്നിന്റെ യൗവ്വനം, യാന്ത്രികമായ ജീവിതങ്ങളുടെ ഇടനാഴികളിലേയ്ക്കു തുറന്നിട്ട ജനൽപ്പാളികൾക്കകത്തെ ചിരിപ്പിയ്ക്കുന്ന രംഗങ്ങളിലേയ്ക്കെല്ലാം എത്തിനോക്കിയിട്ടുണ്ടെന്നത് പച്ചപ്പരമാർത്ഥമാണ്. രാഷ്ട്രീയസാഹചര്യങ്ങളിലെ നൂലാമാലകൾക്കുള്ളിൽ നിന്നും നർമ്മക്കോലുകൾ കൊണ്ട് ആശയങ്ങളെ തപ്പിയെടുക്കുന്ന വീ കെ എന്നിന്റെ രചനാവൈഭവം അനനുകരണീയമാണ്. മറ്റൊരു ഭാഷയിലേയ്ക്കു തർജ്ജമ ചെയ്യാനാകാത്ത വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ രചനകൾ. വള്ളുവനാട്ടിലോ കേരളത്തിലോ ഉള്ളവർക്കു മാത്രം പരിചയമുള്ള ചിലരൊക്കെയായിരുന്നു വി കെ എന്നിന്റെ മുഖ്യകഥാപാത്രങ്ങൾ. ലേശം കടന്നു ചിന്തിയ്ക്കാൻ പോന്ന ബുദ്ധിയുള്ളവർക്കുള്ളിൽ വീ കെ എന്നിന്റെ രചനകൾ വട്ടം തിരിഞ്ഞു നടന്നു. സമകാലീനരാഷ്ട്രീയസംഭവങ്ങളെ പറ്റിയുള്ള വീ കെ എന്നിന്റെ എഴുത്തുകൾ വായിച്ച് പൊട്ടിച്ചിരിയ്ക്കാത്ത യുവത്വങ്ങൾ ഒരു കാലത്ത് ഇല്ലായിരുന്നു. ആത്മകഥാസ്പർശമുള്ള പയ്യൻ കഥകൾ മുതൽ ചില്ലറ എഴുത്തുകൾ വരെ ആരാരെ ചിരിപ്പിച്ചില്ല! നർമ്മത്തിനു കൈകാലുകൾ പിടിപ്പിച്ചതു പോലെയുള്ള ആ മനുഷ്യൻ ഇന്നും ആസ്വാദകരുടെ കണ്ണു നിറയ്ക്കാനും മൂക്കു ചീറ്റിയ്ക്കാനും പാകത്തിൽ ചിരിപ്പിച്ചു കൊണ്ടേ ഇരിയ്ക്കുന്നു എന്നത്, തുണിയുടുക്കാത്ത സത്യമാണ്. വി കെ എന്നിന്റെ തെരഞ്ഞെടുത്ത കൃതികളുടെ സമാഹാരം വായിയ്ക്കൂ... https://www.booksdeal.in/product/vkn-theranjedutha-22290