അക്കരെ താമസിക്കുന്ന സ്ത്രീ വൈശാഖൻ സൗഹൃദത്തിലൂന്നി നിൽക്കുന്നതും വ്യക്തിവികാസത്തിൽ വികസിക്കുന്നതുമായ ബന്ധങ്ങളുടെ ഏതാണ്ട് സമ്പൂർണ്ണമായ രാഹിത്യമാണ് ഈ കഥകളിലെ സ്ത്രീ പുരഷന്മാരുടെ ജീവചരിത്രം . അവർ സ്വന്തം നിലയിൽ വ്യക്തികളായി ജീവിക്കുന്നതിന് പകരം വ്യവസ്ഥയുടെ പൗരോഹിത്യമേറ്റെടുത്തിരിക്കുന്നു. അവരുടെ വാക്കുകളിൽ അനുഭവപരമായ സത്യസന്ധതയേക്കാളുമുള്ളത് മൂടിവെക്കലിൻ്റെ തിടുക്കമാണ് . അവരുടെ രതി ശരീര തൃഷ്ണ ശമനയന്ത്രം മാത്രം. സ്നേഹസംവാദങ്ങൾ കൊണ്ട് നിർമ്മിച്ചതല്ല അവർ ഒന്നിച്ചു പാർക്കുന്ന വീട്. ഇത് ഒരു വിമർശനസ്ഥാനമാണ്. തികഞ്ഞ ഉത്തരവാദിത്വത്തോടെ ഒരു കഥാകാരൻ കുടുംബ വിമർശനത്തിൻ്റെ അരങ്ങൊരുക്കിയിരിക്കുന്നു.