മരുമക്കത്തായം ഗോത്രമരുമക്കത്തായവും വടക്കൻ സമ്പ്രദായങ്ങളും കെ.ടി. രവിവർമ്മ വളരെ ചുരുക്കം സമുദായങ്ങളിൽ മാത്രം നിലനിന്നിരുന്ന സവിശേഷമായൊരു കുടുംബസമ്പ്രദായമെന്ന നിലയിൽ ലോകമെമ്പാടുമുള്ള സാമൂഹികശാസ്ത്ര ഗവേഷകരുടെ ശ്രദ്ധയാകർഷിച്ചിട്ടുള്ള ഒന്നാണല്ലോ മരുമക്കത്തായം. മരുമക്കത്തായത്തെക്കുറിച്ചുള്ള സമഗ്രവും ഗഹനവുമായ പഠനമാണ് രണ്ടു വാല്യങ്ങളുള്ള ഈ കൃതി. മരുമക്കത്തായത്തിൻ്റെ പ്രാരംഭദശകളിലേക്ക് വെളിച്ചം വീശുന്ന ഗോത്രമരുമക്കത്തായത്തെക്കുറിച്ച് കേരളത്തിലെ പ്രമുഖ ഗോത്രസമുദായങ്ങളുടെ പശ്ചാത്തലത്തിൽ നടത്തുന്ന അന്വേഷണം. സ്ത്രീകൾക്ക് സ്വത്വാവകാശം നിഷേധിക്കുന്ന മാതൃദായമെന്ന നിലയിൽ ഗോത്രമരുമക്കത്തായം വ്യത്യസ്‌തമാണ്. തൊഴിൽപരമായോ, സാമുദായികമായോ, സ്ത്രീകൾക്കുണ്ടായിരുന്ന ഉന്നതസ്ഥാനമല്ല മരുമക്കത്തായത്തിന് വഴിവെച്ചതെന്ന് ഗോത്രപഠനങ്ങൾ സൂചിപ്പിക്കുന്നു. വടക്കേമലബാറിലെ മരുമക്കത്തായികളിൽ മാപ്പിളമാരും നമ്പൂതിരിമാരും മാതൃസ്ഥാനീയരും ബാക്കിയുള്ളവർ പിതൃസ്ഥാനീയരുമാണ്. ഇന്നത്തെ കോഴിക്കോട് ജില്ലയുടെ വടക്കേയറ്റം മുതൽ തുളുമാതൃഭാഷക്കാരായ അളിയ സന്താനികൾവരെ പിന്തുടരുന്ന വടക്കൻ സമ്പ്രദായങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒന്നാം വാല്യം.