ചിരി പ്രാർത്ഥനപോലെ വിലപിടിച്ചതാണ് ഒരുപക്ഷെ പ്രാർത്ഥനയേക്കാൾ വിലയേറിയത്. ചിരിക്കാൻ കഴിയാത്ത ഒരു മനുഷ്യന് പ്രാർത്ഥിക്കാനും കഴിയില്ല. സന്തോഷഭരിതമല്ലാത്ത ഒരു ഹൃദയത്തിൽ നിന്നു വരുന്ന പ്രാർത്ഥന മരിച്ച പ്രാർത്ഥനയാണ്. അതിന് ദൈവത്തിലെത്താൻ കഴിയില്ല... ദൈവം വളരെ അകലെയൊന്നുമല്ല. നിങ്ങൾ പ്രേമത്തിൽ നിങ്ങളെത്തന്നെ നഷ്ടപ്പെടുത്തുമ്പോൾ അദ്ദേഹത്തിന് കഴിയാവുന്നത്ര അടുത്തേക്ക് അദ്ദേഹം വന്നുചേരും... ദൈവം എന്നത് അവബോധത്തിന്റെ പൂർണ്ണമായ അനുഭവം മാത്രമാണ്. പരമമായ ആനന്ദാനുഭവം. അതുകൊണ്ടാണ് ഞാൻ പറയുന്നത് ആഴത്തിൽ ചിരിക്കുക, ആഴത്തിൽ സ്നേഹിക്കുക, ആഴത്തിൽ ജീവിക്കുക എന്ന്. പ്രേമത്തിനും പൊട്ടിച്ചിരിയ്ക്കും ജീവിതത്തിനും വേണ്ടി ഏതപകടത്തെയും ക്ഷണിച്ചു വരുത്തുക. നിങ്ങളുടെ ജീവിതം മഹത്തായ ഒരു പര്യടനമായിത്തീരട്ടെ. അറിയാത്തതും അറിയപ്പെടാനാവാത്തതുമായതിലേക്ക് എപ്പോഴും അടിവെച്ചുകൊണ്ടേയിരിക്കുക.