സുപ്പർ സാപ്പിയൻസ് എന്ന നോവൽ പാരായണക്ഷമതയാർന്നതും പുതുപാതകളിലേക്ക് സധീരം കടന്നുകയറുന്നതും കുറ്റാന്വേഷണനോവലെന്ന നിലയിലും സയൻസ് ഫിക്ഷൻ എന്ന നിലയിലും ധർമ്മഭ്രംശംവന്നുപോകുന്ന ലോകഗതിയെക്കുറിച്ചുള്ള അപായഭീതിയാൽ ചകിതവും ചലിതവും ആയ രചനയാണ്. മലയാളത്തിലെ കുറ്റാന്വേഷണരചനാപാതയിൽ നിർണായകമായ ഒരു സാംസ് കാരികകരുനീക്കമായിത്തന്നെ ഈ എഴുത്തിനെ കാണാം. രക്ഷകർ ശിക്ഷകരാകുന്ന കാലത്ത്, ശിക്ഷ രക്ഷയായും വിപരിണാമം നേടുന്നു എന്ന ആശയത്തെ ഉൾവഹിക്കുന്ന സൂപ്പർ സാപ്പിയൻസ് മനുഷ്യകുലത്തിൻ്റെ പ്രയാണവേഗത്തിൽ വിജ്ഞാനികളുടെ ദുരയും സ്വാർത്ഥതയും സന്തുഷ്ടിയുടെ സംഹാരയന്ത്രങ്ങളായിത്തീരുന്നതിൻ്റെ സാക്ഷിമൊഴിയാകുന്നു. അൻവർ അബ്‌ദുള്ള പടിപടിയായുള്ള അന്വേഷണത്തിലൂടെ സത്യമെന്തെന്ന് തിരിച്ചറിയുമ്പോൾ നോവലിലെ പല കഥാപാത്രങ്ങളെയുംപോലെ വായനക്കാരും അമ്പരക്കും. അത്ര മനോഹരമായിത്തന്നെ ആഖ്യാനത്തിൽ ഉദ്വേഗം നിലനിർത്താൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. ഏതു കുറ്റവാളിയ്ക്കും ഏതു കുറ്റകൃത്യത്തിനും അധികകാലം നിലനിൽ ക്കാനാവില്ല. പ്രപഞ്ച നീതിയ്ക്ക് വിരുദ്ധമാകുമത്. എങ്കിലും ഒരു നിമിഷം കുറ്റം ചെയ്‌തയാളുടെ ഭാഗത്തുനിന്നുകൂടി വായനക്കാരെന്ന നിലയ്ക്ക് നാം ചിന്തിക്കാനിടയുണ്ട്. ശിവൻ എടമന