പുതിയ തലമുറയുടെ പ്രതിനിധിയാണ് നജ്‌ല പുളിക്കൽ. ദാന ഗ്രാം പരീക്ഷണങ്ങളുടെ അന്ത്യഘട്ടത്തിൽ മാത്രം രംഗപ്രവേശം ചെയ്തവർ. നാൾവഴികണക്കുകൾ നേരിട്ടറിയാതെ, പരിശോധന സാമഗ്രികളില്ലാതെ, ഗാന്ധിയൻ ഗ്രാമനിർമ്മാണം പോലൊരു സാഹസികതയുടെ ചരിത്രമെഴുതുക എളുപ്പമല്ല. അതിനാൽ കേട്ടറിഞ്ഞ കഥകൾ ഭാവനയുടെ നൂലിൽ കോർത്ത് കോർത്ത് ഒരു ഫിക്ഷൻ സൃഷ്ടിച്ചു. ഈ സമജ്ജസ ചരിത്രം എഴുതി പൂർത്തി യാക്കുന്നതു വരെ അനുഭവിച്ചിരിക്കാവുന്ന ശ്വാസംമുട്ടലിന്റെ തീവ്രത ഊഹിക്കാവുന്നതേയുള്ളൂ. യഥാർത്ഥ മനുഷ്യരെ നിരത്തി നിർത്തി അവർക്കിടയിൽ വേർതിരിച്ചറിയാനാവാത്തവിധം ഏതാനും സാങ്കല്‌പിക കഥാ പാത്രങ്ങളെ സൃഷ്ടിച്ച് അസാധാരണമായ ഒരു ചരിത്രസന്ധിയെ സമകാലിക പ്രസക്തമായ ഫിക്ഷനാക്കുന്ന ജാലവിദ്യയുടെ മാതൃകയായും ഈ നോവലിനെ പരിഗണിക്കാം.