ആട്ടക്കഥാസാഹിത്യത്തിലെ അഗ്രിമസ്ഥാനം അലങ്കരിക്കുന്ന കൃതിയാണ് ഉണ്ണായി വാരിയരുടെ നളചരിതം ആട്ടക്കഥ. മഹാഭാരതത്തിലെ 'നളോപാഖ്യാന'ത്തെ ഇതിവൃത്തമാക്കിക്കൊണ്ട് തിരുവിതാംകൂറിൽവച്ച് രചിക്കപ്പെട്ടിട്ടുള്ള ഈ ആട്ടക്കഥയുടെ ആവിർഭാവവികാസപരിണാമ ചരിത്രത്തെ ഈ പ്രദേശത്തിൻറെ കലാസാംസ്കാരികസാമൂഹിക ഭൂമികയുമായി ബന്ധപ്പെടുത്തി അപഗ്രഥിക്കുകയും അതുപോലെ ഈ ആട്ടക്കഥയുടെ പൂർവ്വ പഠനങ്ങളുടെ വെളിച്ചം ചെന്നെത്തിയിട്ടിയില്ലാത്ത മേഖലകളെ, പ്രത്യേകിച്ചും കഥാപാത്രപ്രകൃതികളുടെ സൂക്ഷ്മതലങ്ങളെ, മൂലകഥയുടെ കൂടി വെളിച്ചത്തിൽ, പഠനവിധേയമാക്കുകയുമാണ് ഗ്രന്ഥലക്ഷ്യം. ആട്ടക്കഥയുടെ പൂർവ്വ വ്യാഖ്യാനങ്ങളിൽ കാണപ്പെടുന്ന യുക്തിഭദ്രമല്ലാത്ത ചില പാത്രവിഷയങ്ങളെ ആദ്യമായി സഹൃദയ സമക്ഷം അവതരിപ്പിക്കാനും ഈ പഠനത്തിലൂടെ ഗ്രന്ഥകാരൻ ശ്രമിച്ചിട്ടുണ്ട്. നളചരിത പഠിതാക്കൾക്കും ഗവേഷകർക്കും കഥകളി കലാകാരന്മാർക്കും ആസ്വാദർക്കും ഒരുപോലെ പ്രയോജനപ്രദമായിരിക്കും ‘ഹംസേ സുവർണ്ണ സുഷമേ...’ എന്ന ഈ നളചരിത പഠനം.