ഉമ്മന്‍ചാണ്ടിയുടെ ആത്മകഥ എഴുത്ത്: സണ്ണിക്കുട്ടി ഏബ്രഹാം ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നല്കിയിട്ടില്ല. നല്കുകയായിരുന്നുവെങ്കിൽ അത് മനുഷ്യസ്നേഹത്തിലാകണമായിരുന്നു. കാരണം ചുറ്റുമുള്ള ഓരോ മനുഷ്യനെയും എങ്ങനെ സഹായിക്കാം എന്ന വിഷയത്തിൽ ഏറ്റവും കൂടുതൽ ഗവേഷണം നടത്തിയ ആളാണ് അദ്ദേഹം. അതിനുവേണ്ടിയാണ് ജീവിതം സമർപ്പിച്ചതും. അധികാരം എന്ന വാക്കിലുള്ള ഗർവ്വിനെയും പിടിച്ചടക്കൽ സ്വഭാവത്തെയും ഇല്ലാതാക്കി അതിനെ മനുഷ്യരുടെ വേദനകൾ പരിഹരിക്കുന്നതിനുള്ള ഉപകരണമാക്കിയെടുത്തതിന്റെ പ്രതിഫലനമാണ് ഉമ്മൻചാണ്ടിക്കു ചുറ്റുമുണ്ടായ മനുഷ്യരുടെ മഹാസമ്മേളനങ്ങൾ. കേരളരാഷ്ട്രീയത്തിലെ ഒരു യുഗത്തെ ഉമ്മൻ ചാണ്ടി തന്റെ ജീവിതത്തോട് ബന്ധപ്പെടുത്തി വിവരിക്കുമ്പോൾ പലകാലങ്ങൾ തിരശ്ശീലയിലെന്നോണം നമ്മുടെ കൺമുന്നിൽ തെളിഞ്ഞുവരും. അങ്ങനെ ഇത് കേരള രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ നാളുകളുടെ ദൃക്സാക്ഷിവിവരണം കൂടിയായി മാറുന്നു. ഉമ്മൻ ചാണ്ടിക്കൊപ്പം കാലവും അവിടെ സാക്ഷിയാണ്. വായിച്ചുതീരുമ്പോൾ കാലം കടപ്പാടെന്നോണം അദ്ദേഹത്തെ പ്രത്യഭിവാദ്യം ചെയ്യുന്നതും നമുക്ക് കാണാം. -മമ്മൂട്ടി കേരള രാഷ്ട്രീയത്തിൽ ആറു പതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന ജനപ്രിയനായ രാഷ്ട്രീയ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ആത്മകഥ