എല്ലാം വീണ്ടും ആരംഭിക്കാൻ നമുക്കൊരു ഊഴം കൂടി കിട്ടുന്നുവെന്നതാണ് ഓരോ പ്രഭാതത്തിന്റെയും സുവിശേഷം. അകന്നുപോയ ബന്ധങ്ങളെ വിളക്കി യോജിപ്പിക്കാൻ, മറന്നുപോയ പ്രാർത്ഥനകളെ ഓർത്തെടുക്കാൻ, കളഞ്ഞുപോയ സൗഹൃദങ്ങളെ വീണ്ടെടുക്കാനുമൊക്കെ മറ്റൊരു അവസരം കൂടി. വീണ്ടെടുക്കാനാവാത വിധത്തിൽ ഒന്നും തന്നെ കളഞ്ഞുപോയിട്ടില്ല, മടങ്ങിവരാനാവാത്ത ദൂരത്തിൽ ആരും അകന്നുപോയിട്ടില്ല. ശരിക്കുള്ള ദുര്യോഗം, പകയിൽ സ്വയം എരിഞ്ഞുപോവുകയാണ്. ചെറുകക്കകളെ വിഴുങ്ങുന്ന മത്സ്യങ്ങളെപ്പോലെയാണത്. കട്ടിയുള്ള തോടായതുകൊണ്ട് അതിനെ ദഹിപ്പിക്കുക എളുപ്പമല്ല. കുറേ കഴിയുമ്പോൾ കക്കകൾ മത്സ്യത്തിനുള്ളിലിരുന്ന് അതിനെ ഭക്ഷിച്ച് വലുതാവുകയാണ്. നാടകത്തിന്റെ തിരശീല വീണുകഴിഞ്ഞാൽ ഗ്രീൻ റൂമിൽ ചമയങ്ങൾ അഴിച്ചുമാറ്റുന്ന ദുഷ്ടകഥാപാത്രത്തോട് പക പാടില്ല. എല്ലാവരും കൂടി അവർക്കായി നിശ്ചയിച്ച റോളുകളെ കുറ്റമറ്റതാക്കി എന്നൊരു പുഞ്ചിരി മാത്രം മതി. ഒന്നു ചിറകു കുടഞ്ഞ് പറക്കാൻ വഴി കാട്ടുന്ന വെളിച്ചത്തിന്റെ വിചാരങ്ങൾ.