BLOG
ഋതുഭേദങ്ങളുടെ പാരിതോഷികം - പത്മരാജൻ
ഋതുഭേദങ്ങളുടെ പാരിതോഷികം - പത്മരാജൻ

ജീവിതങ്ങളുടെ ഇരുട്ടറകളിൽ അറച്ചിരിയ്ക്കുന്ന നഗ്നചിന്തകളെ , പട്ടും പൂവ്വും ചൂടിച്ച് , അസത്യങ്ങളായ ആഭരങ്ങളണിയിച്ചു നടത്തുന്ന സമൂഹത്തിൻ്റെ കാപട്യം തുറന്നു കാട്ടുകയാണ് പത്മരാജൻ. കാഴ്ചക്കാരന് കേവലം ഭ്രാന്ത് എന്നെഴുതിത്തള്ളാൻ മാത്രമാകുന്ന , എന്നാൽ, നി:സംഗതയുടെ , നിർവ്വേദത്തിൻ്റെ , നിരാശയുടെ തലപൊക്കാനാവാത്ത ആത്മാഭിമാനങ്ങളുടെ , അനഭിലഷണീയങ്ങളായ കയ്പുകളുടെ , ഉൾവലിയലിൻ്റെ കഥകളായ, ഓരോ വിഭ്രാന്തികളുടെയും ഓരോ ജീവച്ഛവങ്ങളൂടെയും മൗനങ്ങളെ, തുറന്നു പറയിപ്പിയ്ക്കുകയാണ് ഈ നോവൽ . ജീവിതയാത്രയിൽ പൂവ്വും പ്രസാദവും തന്നനുഗ്രഹിയ്ക്കേണ്ടവർ, താങ്ങും തണലുമാകേണ്ടവർ, അനാശാസ്യങ്ങളായ അനുഭവങ്ങളുടെ പെരുമഴയത്ത്, തുള വീണ കുടയായി ജീവിതം വലയ്ക്കുമ്പോൾ , ശവങ്ങളെ പോലെ നിശ്ചേഷ്ടരാകേണ്ടി വന്നവർ അങ്ങനെ നിരവധി പേരുടെ ഡയറിക്കുറിപ്പാണ് ഈ നോവൽ എന്നു തോന്നും. ഋതുഭേദങ്ങൾ പലപ്പോഴും സമ്മാനിയ്ക്കുന്ന പാരിതോഷികങ്ങളിൽ മുത്തും പാഴ്പായലും വേർതിരിയ്ക്കാനാകാതെ, വിജൃംഭിച്ചു പോയ ജീവിതങ്ങളെയൊക്കെയും, ബാബു എന്ന രണ്ടക്ഷരത്തിലൂടെ പത്മരാജൻ തുറന്നു വെയ്ക്കുന്നു. വായനക്കാരനെ അവാച്യമായ ചിന്താതരംഗങ്ങളിലെത്തിയ്ക്കുന്ന ഈ നോവൽ ഏതൊരു സാഹിത്യാസ്വാദകനും വായിയ്ക്കേണ്ടതു തന്നെ.